2013, ജൂലൈ 18, വ്യാഴാഴ്‌ച

സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണം : നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്ന പ്രഥമാദ്ധ്യാപകര്‍, അദ്ധ്യാപകര്‍, നൂണ്‍ ഫീഡിംഗ് കമ്മിറ്റിയംഗങ്ങള്‍, ജില്ലാ/സബ്ജില്ലാതല ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ആഹാര സാധനങ്ങള്‍ പാചകം ചെയ്യുന്നതിനു മുന്‍പ് അവ കേടുവരാത്തതും വൃത്തിയുളളവതുമാണെന്ന് ഉറപ്പുവരുത്തണം. ധാന്യങ്ങള്‍ പാചകം ചെയ്യുന്നതിനു മുന്‍പ് അവ ചൂടുവെളളത്തില്‍ വൃത്തിയായി കഴുകണം. കൂടാതെ പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും വെളളത്തില്‍ കൂടുതല്‍ പ്രാവശ്യം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കണം. കുട്ടികള്‍ക്ക് കുടിക്കാന്‍ തിളപ്പിച്ചാറിയ വെളളം ലഭ്യമാക്കണം. അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. സ്‌കൂള്‍ പാചകതൊഴിലാളികളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തണം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് പാചകം ചെയ്തിട്ടുളള ആഹാരം കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനു മുന്‍പ് സ്‌കൂള്‍ നൂണ്‍ഫീഡിംഗ് കമ്മിറ്റിയംഗങ്ങള്‍ പരിശോധിച്ച് അവ ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്തണം. ശുചിത്വമാര്‍ന്ന ഭക്ഷണം നല്‍കുന്നതിന്റെ ഉത്തരവാദിത്വം പ്രഥമാദ്ധ്യാപകന്റേയും ഉച്ചഭക്ഷണ കമ്മിറ്റിയുടെയും പൂര്‍ണ്ണ ചുമതലയിലായിരിക്കണം. ജില്ല/സബ്ജില്ലാ തലത്തിലുളള ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാര പരിധിയില്‍പെട്ട സ്‌കൂളുകളില്‍ പരിശോധന നടത്തി ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ശുചിത്വം ഉറപ്പു വരുത്തണം. ഉച്ചഭക്ഷണ പദ്ധതിക്കു വേണ്ടി സ്‌കൂള്‍, ഉപജില്ല, ജില്ല തലങ്ങളില്‍ രൂപീകരിച്ചിട്ടുളള വിവിധ കമ്മിറ്റികള്‍ അടിയന്തിരമായി കൂടേണ്ടതും ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എല്ലാ മാസവും നല്‍കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ